Thursday, March 29, 2012

THEYYAM -- traditional art in the Malabar
സവര്‍ണാധീശത്വ പ്രത്യയശാസ്ത്രത്തിന്റെ അന്തസ്സത്തയിലധിഷ്ഠിതമാവുകയും തീര്‍ത്തും അധഃസ്ഥിത വിരുദ്ധ മാനങ്ങല്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കലാരൂപങ്ങളുടെ മാമൂല്‍ പിടിത്തങ്ങളില്‍ നിന്ന് വഴുതി മാറി വേറിട്ടൊരു സ്വത്വം തീര്‍ത്ത കലാരൂപമാണ് തെയ്യം. വടക്കേ മലബാറിലെ ജനങ്ങളുടെ ജീവിതത്തെ ഇത്രമേല്‍ സ്വാധീനിക്കുന്ന ഒരു കലാവികാരം വേറൊന്നില്ല. ജീവിതത്തിന്റെ കടുത്ത വഴികളില്‍ വാ പൊത്തി, ഓച്ഛാനിച്ച്, കൂമ്പി നില്‍ക്കേണ്ടി വന്ന അവര്‍ണവിഭാഗത്തിന്റെ കലാപമായി തെയ്യത്തെ വിലയിരുത്താം. ജാതീയതയുടെ അതിരുകളെല്ലാം പൊട്ടിച്ചെറിഞ്ഞ് 'നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര' എന്ന യാഥാര്‍ത്ഥ്യം മോപ്പാളയ്ക്കുള്ളില്‍ നിന്ന് അധീശമുഖത്തിനു നേര്‍നോക്കി തോറ്റം പാടാന്‍ തെയ്യത്തിലൂടെ അധഃസ്ഥിതനായി.
'ഉരുപൊലിക
ഉലകം പൊലിക
നാടു പൊലിക
നഗരം പൊലിക' എന്നും തെയ്യം വിളിച്ചു പറഞ്ഞു. 'കല കലാപമാവണ'മെന്ന സത്യം ഏറ്റുപിടിച്ച ആദ്യകലാരൂപം തെയ്യമായിരിക്കാം. പന്തവും പീഠവും കുരുത്തോലയും ചൂട്ടുകറ്റയും മാടവും കുരുതിത്തറയും ചെണ്ടയും കുറുങ്കുഴലും, ചിലമ്പുമെല്ലാം സമ്മേളിക്കുന്ന തെയ്യാട്ടം ഗ്രാമവിശുദ്ധിയുടെയും കൂട്ടായ്മകളുടെയും പ്രതിരൂപങ്ങളാണ്. മനുഷ്യാധ്വാനത്തിന്റെയും സര്‍ഗ്ഗവൈഭവത്തിന്റെയും സമ്മേളിത രൂപമെന്ന നിലയ്ക്ക് തെയ്യത്തിന്റെ വാസസ്ഥാനം പള്ളിയറകളിലല്ല, സാധാരണ മനുഷ്യന്റെ മനസ്സുകളിലാണ്.

തെയ്യത്തിന്റെ സ്വന്തം നാടായ കാസര്‍ഗോഡ് ജില്ലയിലെ പാലായിദേശത്തെ അമ്പലങ്ങളില്‍ കെട്ടിയാടിയ ചില തെയ്യംകാഴ്ചകള്‍ . ജി.കെ.പാലായി എന്ന ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണിലൂടെ...

പൈതങ്ങള്‍ക്കിടയിലേക്ക് ഭഗവതിയായിറങ്ങും മുമ്പ് ഒരു മുന്നൊരുക്കം..


ഇരുട്ട് ഭക്തിയില്‍ എരിഞ്ഞുണരുകയായ്...പുതിയ ഭഗവതി.


മഴ പെയ്യുമ്പോള്‍ കുടയായും
വെയില്‍ പെയ്യുമ്പോള്‍ തണലായും ഞാനുണ്ട്
പൈതങ്ങളേ.. ദൈവം പറയുന്നു.


അറുക്കുന്നത് കോഴിയെയല്ല, കാലത്തിന്റെ ചേട്ടകളെയാണ്...


കോഴിയറുക്കല്‍ വിഷ്ണുമൂര്‍ത്തിത്തെയ്യം. നരംസിംഹാവതാരത്തിന്റെ തെയ്യപ്പകര്‍ച്ചയാണ് വിഷ്ണുമൂര്‍ത്തി. പാലന്തായി കണ്ണന്റെ ജീവിതത്തിലും വിഷ്ണമൂര്‍ത്തിയുണ്ട്... തെയ്യങ്ങളില്‍ ഏറ്റവും സുന്ദരം.


കുരുതിയൊഴിക്കല്‍ . ഒഴിക്കലും ഒഴിപ്പിക്കലും..


കുറത്തിയമ്മ. പാര്‍വ്വതി കുറത്തിയായി ഭൂമിയില്‍ വന്നതിന്റെ ഐതിഹ്യരൂപമാണ് കുറത്തിയമ്മ.


കുളിയന്‍ മരത്തിലേക്ക് പോകുന്ന ഗുളികന്‍ തെയ്യവും പുലയചാമുണ്ഡിയമ്മത്തെയ്യവും. നീണ്ടപ്രായമുണ്ട് പാലായിയിലെ ഈ കുളിയന്‍ മരത്തിന്. അങ്ങപ്പുറം ടവര്‍ ഉയര്‍ന്നുവന്നിട്ടും വിട്ടുകൊടുക്കില്ല പ്രാക്തനമായ ആചാരത്തിന്റെ സൗന്ദര്യം...


വിഷ്ണമൂര്‍ത്തിയുടെ ഉറയല്‍ .ഹിരണ്യകശിപുവധം. പരദേവത എന്ന പേരിലും തെയ്യം വിളിക്കപ്പെടുന്നു.


കലശമെടുപ്പ്. വിഷ്ണമൂര്‍ത്തി, പുലയച്ചാമുണ്ഡിയമ്മ, ഗുളികന്‍ തെയ്യം.


ഞങ്ങളുണ്ട് പൈതങ്ങളേ....വിഷ്ണമൂര്‍ത്തി, പുലയച്ചാമുണ്ഡിയമ്മ, ഗുളികന്‍ തെയ്യം.


മുന്നിലെരിയുന്ന പന്തങ്ങളില്‍ ഒരു തെയ്യംകലാകരന്റെ ജീവിതം തന്നെയാണ്. കാണുന്നവരുടെ ആവേശത്തിന് മുന്നില്‍ കൈമെയ്യ് മറന്ന് തുള്ളിയാടുമ്പോള്‍ അകന്ന് നടക്കുന്ന തെയ്യക്കാരന്റെ ജീവിതം കാണുന്നവര്‍ ചുരുക്കം. തീ നെഞ്ചിന് ബാധിച്ച് മരിച്ച് പോയ ഒട്ടേറെപ്പേര്‍ ...


കലശം. നിറങ്ങളുടെ നൃത്തം...


കലശം....


കുളിച്ചുതോറ്റം കഴിഞ്ഞു. ഇനിയൊരുങ്ങാം. അരുളപ്പാടുകള്‍ തീര്‍ക്കാം. മേലേരിയിലേക്ക് പാഞ്ഞുകയറാം.. അന്ത്രിശ്ശാ.. എന്നലറിവിളിക്കാം...


തെയ്യത്തെ മൊബൈലിലേക്ക് പകര്‍ത്തുന്ന കുട്ടി


ഗുണം വരണം..
ഗുണം വരണം...


തെയ്യക്കാലത്തേത് ഒരു വല്ലാത്ത കാഴ്ചയാണ്. യുക്തിക്കുമപ്പുറത്തേക്ക് നമ്മുടെ ചിന്തയെ കൊണ്ടുചെന്നെത്തിക്കുമത്.


തെയ്യം സീസണില്‍ മാത്രമാണ്, ഡിസംബര്‍ മുതല്‍ ഫിബ്രവരി വരെ. ഈ മാസങ്ങളില്‍ ഞങ്ങള്‍ ജോലി വിട്ട് തെയ്യമാട്ടക്കാരാകും. അപ്പോള്‍ ഇറച്ചിയും മീനും തിന്നില്ല, ഭാര്യമാരുടെകൂടെ ഉറങ്ങാനും പാടില്ല. ഞങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും അനുഗ്രഹങ്ങള്‍ കൊണ്ടുവരും, ദുഷ്ടശക്തികളെ ഒഴിപ്പിക്കും. ആളുകള്‍ക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ക്കും സാധിച്ച പ്രാര്‍ഥനകള്‍ക്കും ദൈവങ്ങളോട് നന്ദിപറയാന്‍ കഴിയുന്നത് ഞങ്ങളിലൂടെയാണ്. ഞങ്ങള്‍ ദളിതുകളാണെങ്കിലും ഏറ്റവുമധികം ജാതിചിന്ത വെക്കുന്ന നമ്പൂതിരിബ്രാഹ്മണര്‍പോലും ഞങ്ങളെ ആരാധിക്കുകയും ഞങ്ങളുടെ കാല്‍ക്കല്‍ വീഴാന്‍ വരിനില്ക്കുകയും ചെയ്യുന്നു- ഹരിദാസ് ,തെയ്യം കലാകാരന്‍ (ഒമ്പത് ജീവിതങ്ങള്‍/ വില്യം ഡാല്‍റിമ്പിള്‍ )


ജാതിവ്യത്യാസങ്ങളുടെ ഉര്‍വരമായ മണ്ണില്‍നിന്നാണ് തെയ്യം വളര്‍ന്നത്, കേരളജീവിതത്തിന്റെ എല്ലാ ഘടനകളെയും ഈ നൃത്തരൂപം കീഴ്‌മേല്‍മറിക്കുന്നുണ്ട്: അതിശുദ്ധരായ ബ്രാഹ്മണരുടെ മേലല്ല ദൈവം കുടിയിരിക്കാന്‍ തീരുമാനിക്കുന്നത്; അടിച്ചമര്‍ത്തപ്പെട്ട, അവഹേളിതരായ ദളിതുകളുടെ മേലാണ്. ഈ സമ്പ്രദായം മുഴുവന്‍ ബ്രാഹ്മണികനിയന്ത്രണത്തിന്റെ വെളിയിലാണ് നടക്കുന്നത്.


ജാതിപ്രശ്‌നങ്ങളോടും മേല്‍ജാതികളുടെയും അധികാരവര്‍ഗത്തിന്റെയും പീഡനങ്ങളോടും ദൈവത്വത്തോടും പ്രതിഷേധത്തിനോടും അധികാര്രേശണികളെ പുനഃക്രമീകരിക്കുന്നതിനോടും മറ്റുമുള്ള ബന്ധമാണ് തെയ്യത്തിന്റെ കാതല്‍ ... ഒരു സംസ്‌കാരത്തിന്റെ ചരിത്രപ്രത്യക്ഷതയാണ് തെയ്യാട്ടത്തിന്റെ ധന്യത..


ഉറയല്‍ . തീപന്തങ്ങള്‍ സ്വര്‍ണ്ണവളയങ്ങളാകുമ്പോള്‍ ചെണ്ടക്കൊട്ടും മനസ്സും മുറുകുന്നു....


ഒന്നുകുറ നാല്‍പ്പതിനെയും തോറ്റിച്ചമച്ചാന്‍
ശ്രീമഹാദേവന്‍ തിരുവടിനല്ലച്ചന്‍ ....(കുണ്ഡോറച്ചാമുണ്ഡിത്തോറ്റം)


വാഴ്ക വാഴ്ക ദൈവമേ...
ദേവം വാഴ്ക ദൈവമേ...




വിഷ്ണുമൂര്‍ത്തിത്തെയ്യം


എഴുന്നെള്ളിപ്പ്‌


വിഷ്ണുമൂര്‍ത്തിയെ പുലിപ്പുറത്ത് എഴുന്നെള്ളിക്കുന്നു.


ദര്‍പ്പണത്തില്‍ മുഖം കാണുമ്പോഴാണ് തെയ്യം ആവേശിക്കുന്നതെന്ന് പറയപ്പെടുന്നു.


അഞ്ചടങ്ങാന്‍ ഭൂതവും കാലിച്ചാന്‍ തെയ്യവും



പൂമാരുതന്‍
സന്തതമടിയന്‍ നിന്റെ
ചിന്തിതമായ തോറ്റം
ചിന്തിച്ചു ചൊല്ലീടുന്നേന്‍
എന്തിതില്‍ പിഴവന്നീടില്‍
ചിന്തിതമഖിലം വിട്ടു
സന്തതം കാത്തുകൊള്‍ക- (പൂമാരുതന്‍ തോറ്റം)


പൂമാരുതന്‍



മടക്കം...
ഭക്തജനത്തിനു മുക്തി നല്‍കീടുന്ന
ശക്തി ഹസ്‌തോപമനായ ദൈവത്തിനെ
അര്‍ച്ചിച്ചു ഹസ്തപത്മം പിടിച്ചെത്രയും
ഭക്ത്യാകിഴിച്ചുകൊള്‍ തണ്ടയാന്‍മാര്‍കളെ...

Courtesy : Mathrubhumi
 

No comments:

Post a Comment